Malayalam Kambikathakal

❴SHARE THIS PDF❵ FacebookX (Twitter)Whatsapp
REPORT THIS PDF ⚐

Malayalam Kambikathakal

റിനോഷ്……..റീന പോയതിന് ശേഷം ഒറ്റപ്പെടലിന്റെ അവസ്ഥയിലായിരുന്നു
വലതുകൈ അറ്റുപോയതുപോലെ.
ഹൃദയത്തിൽ വേദനയുടെ മുള്ളുകൾ തറച്ചുനിൽക്കുന്നു.അത് നൽകുന്ന നീറ്റലിൽ പിടയുന്ന
മനസ്സുമായി
തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം
തേടുന്നു.തന്നോട് ഒരു വാക്ക് പോലും പറയാതെയുള്ള പിരിയൽ.ഒന്ന് മുഖം പോലും തരാതെയുള്ള
ഒളിച്ചോടൽ.
എന്തിനായിരുന്നുവെന്ന ചോദ്യത്തിന്
ഉത്തരം കിട്ടാതെ,അവളെയൊന്ന് കാണുവാനോ സംസാരിക്കുവാനോ കഴിയാതെ ഉരുകിക്കൊണ്ട് ദിവസം
തള്ളി നീക്കുന്ന ചെറുപ്പക്കാരൻ.ആ ദിവസങ്ങളിൽ അവൻ മനസിലാക്കി, താനവളെയത്രയും
സ്നേഹിച്ചിരുന്നു.

തങ്ങളെ അറിയുന്നവർ എടുത്തു ചോദിക്കുമ്പോൾ പോലും അവയെ നിഷ്കരുണം തള്ളിക്കളഞ്ഞ താൻ
ഇന്നവളെ നഷ്ട്ടപ്പെട്ടപ്പോൾ അവരെ ഭയപ്പെടുന്നു.കാരണം തങ്ങളുടെ പ്രണയം മറ്റുള്ളവരുടെ
മുന്നിൽ സൗഹൃദത്തിന്റെ മൂടുപടം അണിഞ്ഞ
ഒന്നായിരുന്നു.പക്ഷെ ഇന്ന്, പലരുടെയും വാക്കുകൾ കൂരമ്പുകൾ പോലെ തറഞ്ഞുകയറുന്നു.

തങ്ങളുടെ ലോകത്ത്,തന്റെ പ്രണയം അവൾക്ക് പകർന്നു
കൊടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന് അടിമപെടുമ്പോൾ ഇങ്ങനെയൊരു
തിരിച്ചടി അവൻ പ്രതീക്ഷിച്ചതല്ല.
*****
റോസിലിയുടെ,തന്റെ അമ്മയുടെ റിട്ടയർമെന്റ് ദിനത്തിൽ നല്ലൊരു യാത്രയയപ്പ് നൽകാൻ ആ
കൊച്ചു വിദ്യാലയം തീരുമാനിച്ചപ്പോൾ അതിൽ പങ്കെടുക്കുവാനായി പോയതായിരുന്നു
അവൻ.റോസിലി
സാധാരണ ഒരു പ്രൈമറി സ്കൂൾ അധ്യാപികയായി തുടങ്ങി,അതെ അക്ഷരമുറ്റത്തുനിന്നും പ്രധാന
അധ്യാപികയായി വിരമിക്കുമ്പോൾ, ആ നാട്ടിൻപുറത്തുകാർ അതൊരു അവകാശമായിത്തന്നെ
ഏറ്റെടുത്തു.
തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്കുള്ള യാത്രയയപ്പ് ആഘോഷമാക്കിയ ഒരു കൊച്ചു ഗ്രാമം.ആ
ഗ്രാമത്തിന്റെ മടിത്തട്ടിൽ,അതിന്റെ നന്മയുടെ കൂട്ടിൽ വളർന്ന റിനോഷും അവരുടെ കൂടെ
മുന്നിൽത്തന്നെയുണ്ട്.പക്ഷെ ആ വിദ്യാലയത്തോടും നാടിനോടും
വിട്ടുപിരിഞ്ഞുപോരുന്നതിൽ അല്പം വിഷമവും റോസിലിക്കുണ്ട്.

“അമ്മയെന്ത്‌ ചിന്തിച്ചിരിക്കുവാ”
അത്താഴശേഷം ബാൽക്കണിയില് ഇരിക്കുകയായിരുന്ന റോസിലി ആ ചോദ്യം കേട്ടാണ് തന്റെ
ചിന്തയിൽ നിന്നും തിരികെയെത്തിയത്.അന്ന് ഉച്ചയോടെ സ്വന്തം നാട്ടിൽ തിരിച്ചു
വന്നതേയുള്ളൂ റോസിലി.

ഒന്നുല്ലടാ……..വെറുതെയിങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നതാ.

മ്മ്മ്….ആ സ്കൂളിനോടും നാടിനോടും
ഉള്ള ബന്ധം…. അതിന്റെ ഓർമ്മകൾ അല്ലെ.

ഒരുതരത്തിൽ അങ്ങനെയും പറയാം.
ജീവിതത്തിന്റെ നല്ലൊരു പങ്കും ജീവിച്ചു തീർത്ത ഇടം മറക്കാൻ പറ്റുവോടാ…

എന്ന അവിടെയങ് കൂടരുതാരുന്നൊ.
വീടും കിടപ്പുണ്ട്.

എന്ത് ചെയ്യാം,നിന്റെ അമ്മാവൻമാര് പറഞ്ഞത് നീയും കേട്ടതല്ലേ.ഇനി ജനിച്ച നാട്ടിൽ
തന്നെ മതീന്ന്.നിന്റെ അപ്പൻ പോയെപ്പിന്നെ ഒരു സഹായം എന്ന് പറയാൻ അവരെയുള്ളൂ.

അമ്മാ…….

അതേടാ…..ഇടക്ക് നമ്മുക്കവിടെയും
പോവാം.അറിയാം നിനക്കും അവിടം വിട്ടുപോരാൻ പ്രയാസവാ,എനിക്കും
അതെ.പക്ഷെ നിന്റപ്പനും ഞാനും ജനിച്ചുവളർന്ന നാടല്ലേയിത്.നിന്റെ അപ്പനായിട്ട്
ഉണ്ടാക്കിയിട്ടതൊക്കെ ഇനിയെങ്കിലും നോക്കണ്ടെ.

മ്മ്മ്മ്………അമ്മയുടെ ഇഷ്ട്ടം.

കൊച്ചെ……..

എന്താ എന്റെ ടീച്ചറുകുട്ടിക്ക്?

ഒന്നുല്ലടാ……നിനക്ക് നാളെത്തന്നെ പോണോ?

പോവാതെ പിന്നെ…

എന്തിനാടാ വല്ല നാട്ടിലും പോയി…..
ഇവിടെയുള്ള മുതല് നോക്കിനടത്തിയാൽ തന്നെ കിട്ടും സുഖായി കഴിയാൻ.

അത്‌ തത്കാലം റപ്പായിച്ചേട്ടൻ നോക്കിക്കോളും.ഞാനൊന്ന് പറന്നു നടന്നോട്ടെന്റെ
ടീച്ചറുകുട്ടി….

പറന്നുനടക്കുന്ന പ്രായം.കെട്ടിക്കാൻ പ്രായമായി,എന്നിട്ടും ഊര് തെണ്ടി
നടക്കുന്നു.നാശം….

അപ്പനായിട്ട് ശീലിപ്പിച്ചതല്ലേ യാത്രയും അതിനോടുള്ള പ്രണയവും.അത്ര പെട്ടന്ന്
പോവില്ലമ്മാ.

അപ്പന്റെ മോൻ തന്നെ.നിന്റെ കറക്കം കഴിഞ്ഞിട്ട് അമ്മക്കൊന്നു കാണാൻ കൂടി
കിട്ടാതായി.എപ്പോഴും ജോലി, യാത്ര ഇതൊക്കെത്തന്നെ…

“അപ്പൊ അതാണ് കാര്യം.എന്നെ അടുത്ത് കിട്ടാഞ്ഞിട്ടുള്ള പരിഭവം ആണല്ലേ.എറിയാലൊരു മൂന്
കൊല്ലം
പിന്നെ ഞാനിവിടെത്തന്നെയല്ലെ”
അവൻ റോസിലിയെ ചുറ്റിപ്പിടിച്ചു കൊണ്ടാണ് അവരുടെ പരിഭവം തീർത്തത്.ഒപ്പം കവിളിൽ
ഒരുമ്മയും.

മതി പുന്നാരിച്ചത്,പോയിക്കിടക്ക്.
നാളെ പോണം എന്ന ചിന്തവല്ലോം ഉണ്ടോ എന്റെ കുഞ്ഞിന്.

അത്‌ നാളെയല്ലേ.നേരം വെളുക്കാൻ ഇനിയുമുണ്ട് സമയം.ഇങ്ങനെ ചില സമയത്തല്ലെ ഈ
അമ്മക്കുട്ടിയെ അടുത്തിരുത്തി പുന്നാരിപ്പിക്കാൻ പറ്റു.

“നിന്റെയൊരു കാര്യം”അവളവന്റെ തോളിൽ ചെറുതായൊന്നടിച്ചു.ഒപ്പം അവനെയും
ചേർത്തുപിടിച്ചുകൊണ്ട് അവരുടേതായ ലോകത്തിൽ മുഴുകി.
അന്ന് രാത്രിയിൽ അമ്മയുടെ മടിയിൽ ആ തലോടലേറ്റ് ഉറങ്ങുന്ന സമയവും അവനറിഞ്ഞിരുന്നില്ല
അവൾ,”റീന”തനിക്കൊരു നൊമ്പരം സമ്മാനിച്ചുകൊണ്ട് തിരിച്ചുപോവുന്ന
വിവരം.
*****
അന്ന് നാട്ടിൽ നിന്നും തിരിച്ചെത്തിയ റിനോഷിനെയും കാത്തിരുന്നത് റീന
അവിടം വിട്ടു എന്നുള്ള വർത്തയാണ്.
നാട്ടിലെ തിരക്കുകളിൽപ്പെട്ട് അവളെ വിളിക്കുന്നതുപോലും മറന്നിരുന്നു.
ഫ്ളൈറ്റിൽ കയറുന്ന സമയത്ത് വിളിക്കുമ്പഴും ഫോൺ റിങ് ചെയ്തു എന്നതല്ലാതെ ഒരു
മറുപടിയുമുണ്ടായിരുന്നില്ല.തിരികെ എത്തിയിട്ട് പിണക്കം മാറ്റാം എന്ന് കരുതിയ അവനെ
കാത്തിരുന്നത് ആ വർത്തയും അവളുടെയൊരു കുറിപ്പുമായിരുന്നു.

എവിടെയും തന്റെ കൈകളിൽ തൂങ്ങി നടന്നിരുന്നവൾ,എന്തിനാണ് ഒരു കുറിപ്പ് മാത്രം
അവശേഷിപ്പിച്ച്
അകന്നുപോയത്.അതിലെയാ ഒറ്റ വരി വാചകം അവന്റെ മനസ്സിൽ തറച്ച
മുള്ളാണിയായിരുന്നു.”എന്നെ അന്വേഷിക്കരുത്,റീന എന്ന പേര് പോലും ഓർമ്മകളുടെ താളുകളിൽ
സൂക്ഷിച്ചുവെക്കരുത്.”

എല്ലാവരെയും പോലെ അവനും വിളിച്ചുകൊണ്ടിരുന്നു.”താങ്കൾ വിളിക്കുന്ന വ്യക്തിയിപ്പോൾ
പരിധിക്ക് പുറത്താണ് അല്ലെങ്കിൽ
ലഭ്യമല്ല.”എന്ന വാചകം കേട്ട് കാത് തഴമ്പിച്ച ദിനങ്ങൾ.മനസ്സ് കെട്ടുവിട്ട പട്ടം പോലെ
പറന്നു നടക്കുന്നു.ഒരു കാര്യത്തിലും ശ്രദ്ധിക്കാനാവാതെ മനസ്സ് മരവിച്ച
സന്ദർഭം.തനിക്കു ചുറ്റുമുള്ളവയിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന സമയം അവന്റെ
ഒറ്റപ്പെടലിൽ അവന് കൂട്ടായി ഒരാളെത്തി.”വീഞ്ഞ്”മനുഷ്യനെ ഉന്മാദത്തിന്റെ
ലഹരിയിലാറാടിക്കുന്ന പാനീയം.

“മദ്യം കുപ്പിയിൽ നിറച്ച കവിതയാണ്” എന്ന വാചകം അവന്റെ മുറിയിലെ കണ്ണാടിയിൽ
സ്വർണ്ണനിറത്തിൽ തിളങ്ങിനിൽക്കുന്ന സമയം.എന്തിനും കൂട്ടായി മദ്യം അവന്റെ കൂടെ
ഒട്ടിയ
കാലം……അവളെക്കുറിച്ചൊന്നും അറിയാൻ കഴിയാതെ ലഹരിയുടെ പിടിയിൽ മഥിച്ചു നടക്കുന്ന
ദിനങ്ങൾ.
*****
റിനോഷ് നാട്ടിൽ പോകുന്ന സമയത്ത് ആണ് ഡോക്ടർ അർച്ചന ലോങ്ങ്‌ ലീവെടുത്ത്
പോകുന്നത്.കുറച്ചു നാൾ ജോലിയുടെ ടെൻഷനിൽ നിന്നും മാറി തികച്ചും കുടുംബത്തോടൊപ്പം
ചിലവിടാനായിരുന്നു അത്.നാട്ടിലെ പരിപാടികൾക്കൊക്കെ അവർ ക്ഷണിക്കപ്പെടാത്ത
അതിഥിയായി,
അല്ല ആ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു അർച്ചന.അവർ പോലും റിനോഷിലെ ഈ മാറ്റം
അറിയുന്നത്
വൈകിയാണ്.

പിന്നീടുള്ള ദിവസങ്ങളിൽ
ലഹരിയുടെ കൂട്ടില്ലാതെ റിനോഷിനെ
കാണാൻ കഴിയാതെയായി.തന്റെ ജോലിസമയങ്ങളിൽ പോലുമവൻ തന്റെ മിത്രത്തെ ഒപ്പം കൂട്ടി.അവനെ
അടുത്തറിയുന്നവർക്ക് പോലും അവന്റെ പുതിയ കൂട്ടുകെട്ടിനോട്‌ യോജിക്കാനാവാത്ത
അവസ്ഥ.പല മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെയും സ്വയം ന്യായീകരിച്ചു മുന്നേറുകയാണ്
റിനോഷ്.അവന്റെയീ പോക്ക് അവന്റെ ജോലിയെത്തന്നെ ബാധിക്കും എന്ന അവസ്ഥയിലെത്തി
നിൽക്കുന്ന സമയം.

പതിവുപോലൊരു ജോലിസമയം.
രാവിലെയുള്ള തിരക്കുകളിലാണ് ജെസ്സി.റിനോഷും തന്റെ കൂട്ടുകാരനോടൊപ്പം അവിടെ ഉണ്ട്.

എന്റെ റിനോ രാവിലെ തന്നെ വലിച്ചു കേറ്റണോ നിനക്ക്.അറ്റ്ലീസ്റ്റ് ഡ്യുട്ടി
ടൈമിലെങ്കിലും പച്ചക്ക് വന്നൂടെ.

ചേച്ചി….. ഞാനിങ്ങനെയാ.എന്നുവച്ച് ജോലിയിലെന്തേലും കുഴപ്പമുണ്ടോ, പരാതിയൊന്നും
വരുന്നില്ലല്ലൊ.
പിന്നെന്താ പ്രശ്നം.

എടാ കുഞ്ഞേ,നീ പുറത്ത് എങ്ങനെ വേണേലുമായിക്കൊ.എന്തിനാ ഇവിടെയും നീ………?

എന്റെ കാര്യങ്ങൾ അറിയാല്ലോ ചേച്ചിക്ക്.പറ്റുന്നില്ല ചേച്ചി…..

അതിനിങ്ങനെ കുടിക്കണോ ചെക്കാ.
അവള് മാത്രേ ഈ ലോകത്ത് പെൺ വർഗ്ഗത്തിലുള്ളോ.

അല്ല ചേച്ചി……ഇതെനിക്ക് ഞാൻ തന്നെ കൊടുക്കുന്ന ശിക്ഷയാ.ഒറ്റക്ക്
ബോധത്തോടെയിരിക്കുമ്പോ ഒരു വിമ്മിഷ്ടവാ.കുടിച്ചുകൊണ്ട് ഞാനാ ഓർമ്മകളിൽ നിന്ന്
ഒളിച്ചോടുവാ,
മറ്റൊരു തരത്തിൽ എന്നിൽ നിന്ന് തന്നെയുള്ള ഒളിച്ചോട്ടം.

എടാ ഒരു പെണ്ണ് ഇട്ടിട്ടുപോയെന്ന് കരുതി നീയിങ്ങനെ നടന്നാലെങ്ങനാ.

അവൾക്ക് വേണ്ടെങ്കിലത് മുഖത്ത് നോക്കി പറയാരുന്നു.ഞാൻ ഒഴിഞ്ഞു പോയേനെ.ഇതെന്താ കാരണം
എന്ന് പോലും അറിയാതെ,ഞാൻ വെറും പൊട്ടനായിപ്പോയില്ലെ ചേച്ചി.

എടാ അങ്ങനെ വിചാരിക്കല്ലെ.ഞാൻ പറഞ്ഞത് അതൊന്നും കൊണ്ടല്ല.
മുകളിൽ പലരും ചോദിക്കുന്നുണ്ട് നീ കഴിച്ചിട്ടാണോ ഡ്യുട്ടി എടുക്കുന്നെന്ന്.
നിന്നോട് ഞാൻ പ്രത്യേകിച്ചു പറഞ്ഞു തരണ്ടല്ലോ.

ഒരു സസ്‌പെൻഷൻ……അല്ലേൽ പറഞ്ഞുവിടും.ചേച്ചിക്ക് ഞാനൊരു പ്രശ്നമാവില്ല.

ഡോക്ടർ അർച്ചന ഉണ്ടായിരുന്നേൽ
നീയീ തോന്ന്യാസം കാട്ടി നടക്കുവോ?

ചേച്ചി പറയുന്നത് കേട്ടാൽ തോന്നും
അവരിവിടുന്നു നിർത്തിപ്പോയതാന്ന്.
ലീവ് കഴിഞ്ഞ് ഇങ്ങോട്ട് തന്നെയല്ലെ വരുന്നേ.പിന്നെ അവർക്ക് ഏത് നേരോം ഞാൻ എന്നാ
ചെയ്യുവാന്ന് നോക്കി നടക്കലല്ലേ പണി.ഒന്ന് പോ ചേച്ചി.

എടാ നീ…….. ഒന്ന് പറഞ്ഞാൽ കേക്ക്.

“വിട് ചേച്ചി,രാവിലെ തിരക്കിനിടയിൽ തന്നെ വേണോ ഇതൊക്കെ.ചേച്ചി ചെന്ന് റൗണ്ട്സ്
നോക്ക്.ഞാനീ സ്റ്റോക്ക് ചെക്ക് ചെയ്യട്ടെ…….”അവൻ ഒരുവിധം ജെസ്സിയുടെ കയ്യിൽ നിന്നും
രക്ഷപെട്ട് സ്റ്റോർ റൂമിലെത്തി.പക്ഷെ വരാനുള്ളത് വഴിയിൽ താങ്ങില്ലെന്ന ചൊല്ല് അവൻ
ഓർത്തിരുന്നില്ല.

രാവിലത്തെ തിരക്കുകൾ ഒതുങ്ങിയ
സമയം.തന്റെ ടേബിളിൽ സ്റ്റോക്ക് ഡിമാൻഡ് തയ്യാറാക്കുകയാണവൻ.
അതെ സമയമാണ് അല്പം തടിയുള്ള വ്യക്തി അവനൊരു ഹായ് പറഞ്ഞു കൊണ്ട് കൗണ്ടറിന്
മുന്നിലൂടെ അല്പം മുന്നോട്ട് നടന്നത്.തിരിച്ചവരെയും വിഷ് ചെയ്തുകൊണ്ട് തന്നെ റിനോ
തന്റെ ജോലി തുടർന്നു.

മോണിറ്ററിലുള്ള ശ്രദ്ധമൂലമവൻ ആ മുഖം ശ്രദ്ധിച്ചിരുന്നില്ല.അവർ നേരെ കയറിയത്
ഡ്യുട്ടി റൂമിലേക്കായിരുന്നു
അകത്തു കയറിയതും,ആള് ഫ്രഡ്ജ് തുറന്ന് വെള്ളമെടുത്ത് കുടിച്ചുതും, അതെ പോലെ
പുറത്തേക്ക് തുപ്പിക്കളഞ്ഞതും ഒരുമിച്ചായിരുന്നു.

അടഞ്ഞുകിടന്ന ഡ്യുട്ടി റൂമിൽ നിന്ന്
ആരോ ചുമക്കുന്ന ശബ്ദം കേട്ട് സിസ്റ്റർ ജെസ്സി നോക്കുമ്പോഴുണ്ട് കുരിശുകണ്ട
ചെകുത്താനെപ്പോലെ നിന്ന് വിറക്കുകയാണ് ഡോക്ടർ അർച്ചന.

“മാം ഇതെപ്പോ എത്തി,ലീവ് ഇത്ര വേഗം കഴിഞ്ഞോ?”കണ്ടപാടെയുള്ള സിസ്റ്റർ ജെസിയുടെ
ചോദ്യം കേട്ട് അർച്ചനയൊന്ന് ഇരുത്തിനോക്കി.

“മൂന് മാസത്തെ ലീവല്ലേ.മൂന് കൊല്ലം
ഒന്നുമല്ലല്ലോ.”കലിപ്പിലാണ് കക്ഷി.

എന്താ മാം വല്ലാതെ……

“ഇതാരുടെ ബോട്ടിലാ സിസ്റ്ററേ?”ഒരു മറുചോദ്യമായിരുന്നു അതിനുള്ള മറുപടി.

ഇത്…….സ്റ്റാഫ്‌ ആരുടെയെങ്കിലും ആവും.എന്താ മാം……

ഏത് സ്റ്റാഫ്‌ ഈ റൂമിൽ ജെസ്സിക്കും റിനോഷിനുമല്ലേ പെർമിഷനുള്ളൂ.

മാം അത്…….

ഉരുളണ്ട ജെസ്സി,ചിലതറിഞ്ഞിട്ട് തന്നാ ജോയിൻ ലെറ്റർ കൊടുത്തശേഷം ഡ്യുട്ടി
ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങോട്ട് വന്നത്.ചെന്ന് റിനോഷിനോട്‌ ഇങ്ങ് വരാൻ പറ.

അർച്ചനയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് തൂപ്പുകാർ സഹിതം അവിടെ
കൂടിയിരുന്നു.എല്ലാവർക്കും കാര്യം അറിയാനുള്ള ആകാംഷയും.പക്ഷെ റിനോഷ് മാത്രം
കൗണ്ടറിൽ തന്നെ നിൽക്കുന്നു.

ജോലിയുടെ തിരക്കുകളിൽ നിന്നും വിട്ട്,ഭർത്താവിനും മകൾക്കുമൊപ്പം വീട്ടുകാര്യങ്ങളിൽ
മാത്രം ഒതുങ്ങി നിന്ന അവധിക്കാലവും കഴിഞ്ഞുള്ള വരവാണ് അർച്ചന.ഡോക്ടർമാർ പലരും
തങ്ങളുടെ ജോലിയിലെ കച്ചവടസാധ്യത മുതലെടുക്കാനുള്ള തത്രപ്പാടിൽ യന്ത്രങ്ങളായി
ജീവിക്കുമ്പോൾ,അർച്ചന എപ്പോഴും അതിനൊരു അപവാദമായിരുന്നു.

അർച്ചനയുടെ ചോദ്യത്തിന് ഹൌസ്
കീപ്പിങ് ചെയ്യുന്ന ചെറുക്കൻമാർ ആദ്യം തന്നെ കൈ മലർത്തി,കാര്യം
ആ ഡ്യുട്ടി റൂം ഡോക്ടെഴ്സിന് വേണ്ടിയുള്ളതാണ്.അവരുമായുള്ള
സൗഹൃദത്തിന്റെ പുറത്ത് റിനോഷും ജെസ്സിയും അതുപയോഗിക്കാറുണ്ട്.
അതവർക്ക് മാത്രമുള്ള പരിഗണന ആയിരുന്നു.അർച്ചനയുടെ നോട്ടം പതിയെ പിറകിലേക്കെത്തി.

“ഇവിടെ വാടാ” പിറകിൽ റിനോഷിനെ കണ്ടതും അവൾ അടുത്തേക്ക് വിളിച്ചു.അവൻ മുന്നിലേക്ക്
നിന്നു.

ഇത് നിന്റെയാണോ?

മ്മ്മ്മ്…….

എന്താ,നിന്റെ ശബ്ദം പുറത്ത് വരില്ല? വാ തുറന്ന് പറഞ്ഞൂടെ?

അതെ.

എന്താ ഇതില്…..

അതെടുത്തു കുടിക്കാൻ ആരാ പറഞ്ഞെ?

കൂടുതൽ ചോദ്യമൊന്നും വേണ്ട. ഞാൻ ചോദിച്ചതിന് ഇതാണോ മറുപടി.

കാര്യം മനസിലായ ജെസ്സി പതിയെ പിന്നിലേക്ക് വലിഞ്ഞു.അവധിക്ക് പോയ അർച്ചന
തിരികെയെത്തിയത് അറിഞ്ഞിരുന്നില്ല.ജോയിൻ ചെയ്ത ശേഷം അങ്ങോട്ടേക്ക് എത്തുമെന്നും
ജെസ്സി കരുതിയതല്ല.എന്തിന് പറയുന്നു റിനോഷ് മദ്യം കലർത്തിയ വെള്ളം ഡ്യുട്ടി റൂമിൽ
വെക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതുമല്ല.

“നിങ്ങളിത് എന്ത് കാണാൻ നിക്കുവാ.
എല്ലാരും അവരവരുടെ ജോലി എന്താന്ന് വച്ചാൽ പോയി ചെയ്യ്”ഡോ.
അർച്ചന കടുപ്പിച്ചാണത് പറഞ്ഞത്.
ഒപ്പം തിരിഞ്ഞു പോവാൻ നിന്ന ജെസ്സിയെയും റിനോഷിനെയും അവരവിടെ പിടിച്ചു നിർത്തുകയും
ചെയ്തു.മറ്റുള്ളവർ പോയതും അർച്ചന ഡോർ ലോക്ക് ചെയ്തു.
യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നിൽക്കുകയാണ് റിനോഷ്.എന്ത് പറയും എന്ന പകപ്പോടെ
ജെസ്സി അവരെ മാറി മാറി നോക്കുന്നുണ്ട്.

സിസ്റ്ററു കൂടി അറിഞ്ഞോണ്ടാണോ ഇവനീ തോന്ന്യാസം കാണിക്കുന്നേ?

അത് മാഡം ഞാൻ……..

“എടാ ഇവിടെ നോക്കെടാ”താഴെ നോക്കി നിൽക്കുകയായിരുന്ന അവനോട് അർച്ചന പറഞ്ഞു.അവൻ
അവരെയൊന്നു നോക്കുക മാത്രം ചെയ്തു.

എന്താ നിന്റെ ഉദ്ദേശം?

എന്ത് ഉദ്ദേശം?

നീയെന്താ പൊട്ടൻ കളിക്കുന്നോ?

ഞാൻ എന്നാ ചെയ്തുന്നാ?

നീയൊന്നും ചെയ്തില്ലേ…എന്ന പറയ്
നീ കുടിച്ചിട്ടുണ്ടൊ?

അവൻ മിണ്ടാതെ തന്നെ നിന്നു.
“ആണോ സിസ്റ്ററെ”അവനിൽ നിന്ന് ഉത്തരം കിട്ടാതെ വന്നപ്പോൾ ചോദ്യം ജെസ്സിയുടെ
അടുക്കലെത്തി.

ജെസ്സി ഒന്നും മിണ്ടാതെ തന്നെ തല കുനിച്ചുനിന്നു.

കുടിച്ചിട്ട് വന്നതും പോരാഞ്ഞിട്ട്
മിക്സ്‌ കൂടി ചെയ്തു വച്ചേക്കുന്നു.
എന്ത് ധൈര്യത്തിലാടാ നീ ഇതിന്റെ ഉള്ളിൽ തന്നെ കൊണ്ട് വച്ചേ.എന്നിട്ട് നിൽക്കുന്ന
നിപ്പ് കണ്ടില്ലേ.

“പോട്ടെ മാഡം,ഇനിയുണ്ടാവില്ല”

അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ. ഞാനും കേട്ടു ഇവൻ ഡ്യുട്ടിയിലും കുടിച്ചു വരുന്ന
കാര്യം.അടുത്തുകൂടി
പോയപ്പോൾ മണവും കിട്ടി.കൂടെ ദാ ഇതും.

ഡോക്ടറെ,ഞാൻ നോക്കിക്കോളാം.
എന്റെ പേരിൽ ഇതൊന്ന് വിട്ട് പിടിക്ക്

ജെസ്സി,ജോയിൻ ചെയ്യാൻ വന്ന ഞാൻ ഇന്ന് ഡ്യുട്ടി ഇല്ലാതിരുന്നിട്ട്
കൂടി ഇവിടേക്ക് വന്നത് ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടിത്തന്നെയാ.പലരും അടക്കം
പറയുന്നത് കേട്ടിട്ടും ഞാൻ ഇത്രേം
കരുതിയതല്ല.പക്ഷെ ഇപ്പോൾ
നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.

അത് ഡോക്ടറെ ഈയൊരു തവണ ഒന്ന് കണ്ണടക്ക്…..

ഇല്ല സിസ്റ്ററെ……ഇത്രേം നാളും ജെസ്സി
കണ്ണടച്ചതുകൊണ്ടാ ഇവനിങ്ങനെ അഹങ്കാരം കാണിക്കുന്നത്.അന്നേ റിപ്പോർട്ട്‌
ചെയ്യണമായിരുന്നു.ഏത്ര രോഗികള് വരുന്നതാ,ഇവന് ബോധം ഇല്ലാതെ വല്ലോം പറ്റിയാൽ ആര്
സമാധാനം പറയും.

ശരിയാണ് മാം,സമ്മതിക്കുന്നു.കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പരാതിപോലും ആരും
കൊടുത്തിട്ടില്ല
കൗണ്ടർ ഡ്യുട്ടിയായത് കൊണ്ട് പേഷ്യന്റ്സുമായുള്ള കോൺടാക്ടും കുറവാ.

എന്ത് പറഞ്ഞിട്ടും കാര്യമില്ല ജെസ്സി.
ഇവന്റെ കാര്യത്തിൽ എന്ത് ചെയ്യണം എന്നെനിക്ക് അറിയാം.

“എന്നാ പോയി ചെയ്യ്”അത്ര നേരം നിശബ്ദനായിരുന്ന റിനോഷിന്റെ ഒച്ച
അവിടെയുയർന്നു.

കണ്ടില്ലേ ജെസ്സി അവന്റെ…….ഇവൻ ആരാന്നാ വിചാരം.ഇവനെ ഈ കോലത്തിൽ ഡ്യുട്ടി
ചെയ്യിക്കണ്ട. ഇറക്കി വിട്,എന്നിട്ട് ഇൻസിഡന്റ് റിപ്പോർട്ട്‌ ചെയ്യ്.

“അവനിനി ചെയ്യില്ല മാം അത്രക്കും വേണോ”ജെസ്സി ഒന്ന് കൂടി ശ്രമിച്ചു നോക്കി.

പറയുന്നത് കേൾക്ക് ജെസ്സി.ഇവനീ കോലത്തിൽ ജോലി ചെയ്യണ്ട.ലഞ്ച് കഴിഞ്ഞു ഡോക്ടർ വിനയ്
ഒന്ന് വന്നോട്ടെ,എന്നിട്ട് രണ്ടാളും കൂടിയീ ഇൻസിഡന്റ് റിപ്പോർട്ട്‌ ചെയ്യ്.

ചേച്ചി ചെയ്യണം ചേച്ചി.ഞാൻ കാരണം ചേച്ചിക്കൊരു പ്രശ്നം വേണ്ട.ആർക്കാന്ന് വച്ചാൽ
റിപ്പോർട്ട്‌ ചെയ്തോ.വിളിപ്പിക്കുമ്പഴ് ഒന്നറിയിച്ച മതി,വന്നോളാം.

“എത്രയൊക്കെയായാലും നിന്റെ വാചകത്തിന് കുറവൊന്നുമില്ലേ റിനോഷ്”അവന്റെ പറച്ചിൽ
ഇഷ്ട്ടം ആകാതെ ദേഷ്യത്തിൽ തന്നെയാണ് അർച്ചന.

എന്റെ സ്വകാര്യതയാണ് മാഡം ഞാൻ എന്ത് ചെയ്യണം,എങ്ങനെ നടക്കണം എന്നൊക്കെ.അതിലാരും
തലയിടണ്ട.

അവൻ പറഞ്ഞു നിർത്തിയതും കലി
പൂണ്ടുനിന്ന അർച്ചനയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു.
“സിസ്റ്ററെ എന്താ അവന്റെയഹങ്കാരം എന്ന് നോക്കിയെ.എന്തോ വലിയ കാര്യ ചെയ്യുകയാണെന്ന
ദാഷ്ട്ര്യം.
പറയുന്നത് കേട്ടില്ലെ.ഇത്രയൊക്കെ ചെയ്തിട്ടും വല്ല കൂസലും ഉണ്ടോന്ന് നോക്കിയെ”

ദേഷ്യം മാറാതെ അർച്ചന വീണ്ടും അവനെ തല്ലാൻ ഓങ്ങിയപ്പോൾ ജെസ്സി പിടിച്ചുമാറ്റി.

വിട് ജെസ്സി,ഇവന്റെ തോന്യാസത്തിന്
കണ്ണടച്ച് കൊടുത്തത് കൊണ്ടാ ഇപ്പൊ ഇങ്ങനെ നിന്ന് പറയുന്നെ.
ജെസ്സി കണ്ണടച്ച് കൊടുത്തത് കൊണ്ടാ ഇവനിന്ന് കിടന്ന് കുന്തലിപ്പ് കാട്ടുന്നെ.ഇനി
വിട്ടാൽ പറ്റില്ല.

വിടണ്ടാ……നിങ്ങളുടെ ഇഷ്ട്ടം പോലെ ചെയ്യ്.

“നിന്നെ ഞാൻ” അർച്ചന കിടന്നു ചീറുകയായിരുന്നു.ജെസ്സിയവരെ വട്ടം പിടിച്ചിട്ടുണ്ട്.

“ഒന്നിറങ്ങി പോ റിനോ,ഒന്ന് പറഞ്ഞാ
കേൾക്ക്”സഹികെട്ട് ജെസ്സിയും അവന് നേരെ തിരിഞ്ഞു.

എന്തോ പറയാൻ വന്ന അവൻ അത് അതേപോലെ വിഴുങ്ങി.ഇരച്ചുവന്ന ദേഷ്യം കടിച്ചമർത്തിക്കൊണ്ട്
അർച്ചന കുതറുന്നുണ്ട്.ജെസ്സിയവരെ പിടിച്ചുനിർത്താൻ പാടുപെടുന്നു.

“എന്നാ നോക്കി നിക്കുവാടാ.നിന്നോട്
ഇറങ്ങിപ്പോകാൻ പറഞ്ഞതല്ലെ”
അർച്ചന അലറുകയാണ്.

വാശിമൂത്ത റിനോഷ് വാതിലും വലിച്ചടച്ചുകൊണ്ട് പുറത്തേക്ക് നടന്നു.ഉച്ചത്തിൽ
വാതിലടയുന്ന ശബ്ദം കേട്ട് പുറത്ത് നിന്നിരുന്ന ചില ആളുകളും മറ്റ് ജീവനക്കാരും ഒരു
ഞെട്ടലോടെ അവന്റെ പോക്ക് നോക്കിനിന്നു.കലിയടക്കാൻ പാടുപെട്ട്,ദേഷ്യം തീർക്കാൻ എന്ന
വണ്ണം കയ്യിലെ വെള്ളക്കുപ്പി നിലത്തെക്ക്
വലിച്ചെറിയുകയായിരുന്നു അർച്ചനയപ്പോൾ.
*****
അർച്ചനയുടെ നിർദേശം പോലെ റിനോഷിനെതിരെ പരാതി റിപ്പോർട്ട്‌ ചെയ്തു.ജോലിയിൽ പാളിച്ചകൾ
വരാത്തതിനാലും,മുൻകാലങ്ങളിലെ
പ്രവർത്തനമികവും ഗുഡ് വില്ലും മൂലം ശിക്ഷ പതിനഞ്ചു ദിവസത്തെ സസ്‌പെൻഷനിലൊതുങ്ങി.

ആ സമയങ്ങളിൽ അവനാർക്കും മുഖം കൊടുക്കാതെ തന്റെ മുറിയിൽ തന്നെ
കൂടി.ഒറ്റക്കിരിക്കാനായി അവൻ ആഗ്രഹിച്ചു.ആദ്യം തന്നിൽ നിന്നും ആയിരുന്നെങ്കിൽ
ഇപ്പോൾ ചുറ്റുപാടുകളിൽ നിന്നുപോലുമവൻ ഒളിച്ചോടാൻ ശ്രമിക്കുന്നു.

ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു.
ശിക്ഷയുടെ കാലാവധി കഴിഞ്ഞും അവൻ ജോലിക്ക് കയറാതെ നടന്നു.
അങ്ങനെയൊരാൾ അവിടെയുണ്ട് എന്നുപോലും അറിയാത്ത അവസ്ഥ.
റോസിലി എന്നും വിളിക്കുന്നത് കാരണം ചടങ് തീർക്കാനായി അല്പം സംസാരിക്കും. മദ്യം
വാങ്ങുവാനായി മാത്രം പുറത്തിറങ്ങുന്ന സ്ഥിതി.
ഭക്ഷണം പേരിന് മാത്രമൊതുങ്ങി.
ശരിക്കും കോലം കെട്ട അവസ്ഥ.
അതാണ് അവനെയും തിരക്കിവന്ന അർച്ചനയും ജെസ്സിയും കാണുന്നത്.

ഒരു ദിവസം സന്ധ്യക്ക്‌ ഡ്യുട്ടി കഴിഞ്ഞാണ് അവർ വരുന്നത്.അവർ വരുമ്പോൾ മുറി മുഴുവൻ
മദ്യക്കുപ്പി കൊണ്ട് നിറഞ്ഞ അവസ്ഥ.അതിന് അലങ്കാരമായി സിഗരറ്റ് കുറ്റികൾ നിലത്ത്
ചിതറിക്കിടക്കുന്നു.കുടിച്ചു ബോധം മറഞ്ഞു കിടക്കുകയാണ് റിനോഷ്.ഒരു വിധത്തിൽ അർച്ചന
അവനെ താങ്ങിപ്പിടിച്ചു ഷവറിന് ചുവട്ടിലെത്തിച്ചു.ജെസ്സിയുമുണ്ട് കൂടെ.അവനെ
നിലത്തേക്കിരുത്തി ഷവർ തുറന്ന് വിട്ടിട്ടവർ പുറത്തേക്ക് ഇറങ്ങി.

“ശരിക്കൊന്ന് നനയട്ടെ ജെസ്സി.തല നന്നായൊന്ന് തണുക്കുമ്പോൾ കെട്ട് വിട്ടോളും”അർച്ചന
ജെസ്സിയോട് പറഞ്ഞു.

തല തണുത്തു തുടങ്ങിയപ്പോൾ അവൻ പതിയെ സ്വബോധത്തിലേക്ക് വന്നു.പതിയെ മദ്യത്തിന്റെ
കേട്ട് വിട്ടു തുടങ്ങുന്നതവനറിഞ്ഞു.വാതിൽ ചാരിയിട്ടിരിക്കുകയാണ്.വാതിലിന്
പിന്നിലായി ടവൽ കൊളുത്തിയിട്ടുണ്ട്
ഒപ്പം മാറാനുള്ള വസ്ത്രങ്ങളും.തല തുവർത്തി പുറത്തേക്കിറങ്ങുമ്പോൾ മുറി
വൃത്തിയാക്കുന്ന രണ്ടുപേർ നിൽപ്പുണ്ട്.പണി തീർത്തശേഷം പോകാനുള്ള
തയ്യാറെടുപ്പിലാണവർ.
വലിയ കവറിൽ മുറിയിലെ കുപ്പിയും ചവറും മറ്റും കെട്ടി കയ്യിലെടുത്താണ് നിൽപ്പ്.ഒന്നും
മനസിലാവാതെയവൻ നിൽക്കുമ്പോൾ അർച്ചന ഉള്ളിലേക്ക് വന്ന് അവർക്കുള്ള പണം നൽകി.
അതും വാങ്ങിക്കൊണ്ടവർ പോകുന്ന വേളയിലാണ് റിനോക്ക് കാര്യത്തിന്റെ
കിടപ്പ് പിടികിട്ടുന്നത്.

ജെസ്സി അപ്പോഴേക്കും പോയിരുന്നു.
അവന്റെ മുന്നിലേക്ക് അവൾ വന്നു നിന്നു.ശാന്തഭാവമായിരുന്നു മുഖത്ത്, അതവന് ആശ്വാസം
നൽകി.ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന അവന്റെ മുന്നിലേക്കവൾ ഒരു കുപ്പി എടുത്തു
വച്ചു.

ഇന്നാ……..നിനക്കായിട്ട് വാങ്ങിയതാ.
ഇനി കെട്ട് വിട്ടെന്ന് കരുതി സങ്കടം ആവണ്ട.

മാം…….ഞാൻ…….

ഇതല്ലേ നിന്റെ സന്തോഷം.
ആയിക്കോ.ഞാനൊന്നും പറയുന്നില്ല.
അതുകൊണ്ട് ജോലിക്ക് വരാതെ ഇരിക്കുകയും വേണ്ട.

അതല്ല മാം……

“എന്തല്ലെന്ന്.ഞാൻ വന്ന് കേറുമ്പോ എന്തായിരുന്നിവിടുത്തെ അവസ്ഥ,
എന്ത് കോലവാടാ നിന്റെ.ഭക്ഷണം ഒന്നും ഇല്ലാതെ ഇത് മാത്രമല്ലെ സേവ
പിന്നെങ്ങനാ”

അവനതിന് മറുപടി നൽകാൻ പാടു പെടുന്നതവൾ കണ്ടു.അവളുടെ മുഖത്ത് നോക്കാൻ അവൻ നന്നേ
ബുദ്ധിമുട്ടി.

“എന്താ റിനോഷ് നീയിങ്ങനെ……?
എന്തിനാ നീ…….?

അറിയില്ല മാം……

എന്തിനെയും തന്റേടത്തോടെ നേരിടുന്ന നിനക്കിതെന്ത് പറ്റി,എന്ത് പ്രശനത്തിലും
മനഃസാന്നിധ്യം കൈ വിടാതെ പരിഹാരം കണ്ടെത്തുന്ന നിന്റെ മനസ്സിനെന്തു പറ്റി.പറയ് നീ….

ആ മനസ്സ് എന്റെ കൂടെയില്ല മാം…….
ജീവിതം ഒന്ന് തീർന്നുകിട്ടിയാൽ മതി എന്നാ ഇപ്പൊ ചിന്ത.

ഒന്നങ്ങു തന്നാലുണ്ടല്ലോ?
ഇപ്പൊഴും റീനയുടെ ഓർമ്മകളിൽ ജീവിക്കുവാണോ നീയ്.

മാം ഇതെങ്ങനെ……….?

ഞാൻ അവധിക്ക് പോയശേഷം നീ വിളിക്കുമെങ്കിലും നീ ഇങ്ങനെ തല തെറിച്ചു നടക്കുമെന്ന്
കരുതിയതല്ല.
അവള് പോയതിന് നീയെന്തിനാടാ നശിക്കുന്നത്.

ഞാൻ……ഞാനവളെ അത്രയും സ്നേഹിച്ചിരുന്നു മാം

എടാ നീ…നീയെന്താ പറഞ്ഞുവരുന്നെ

സത്യമാണ് മാം.നിങ്ങളൊക്കെ ഒരു സൗഹൃദമായി കണ്ടിരുന്ന ഞങ്ങളുടെ ഇടയിലുള്ള ഭാവം
പ്രണയമായിരുന്നു.
ഞങ്ങൾ മറ്റുള്ളവരുടെ മുന്നിലത് സമ്മതിച്ചുതന്നില്ലെന്ന് മാത്രം.ജെസ്സി ചേച്ചിക്കും
ഇപ്പൊ മാമിനും മാത്രം ഇതറിയാം.

ജെസ്സിയതെന്നോട് പറഞ്ഞു.അവള് പോയതറിഞ്ഞിരുന്നു.പക്ഷെ നിനക്ക് അവളോട് മുടിഞ്ഞ
പ്രേമായിരുന്നു എന്നതും നീയിങ്ങനെ കുടിച്ചു നടക്കുന്നതും അറിയാതെ പോയി.
എന്തിനാ നിന്നെ വേണ്ടാത്ത ഒരുവൾക്ക് വേണ്ടി നീയിങ്ങനെ ഉരുകുന്നത്.

പറ്റുന്നില്ല മാം.പച്ചക്കിരിക്കുമ്പോ ആ ഓർമ്മകൾ എന്നെ അലട്ടുന്നു.

അവൾക്ക് നിന്നോടെങ്ങനെ?

അവൾക്കും……..

എടാ പൊട്ടാ…….നീ ചെയ്ത കാരുണ്യം
കൊണ്ടാ അവൾ കരിയർ മുന്നോട്ട് കൊണ്ടുപോയത്.അല്ലേൽ അവളിന്ന് വെറും ചാരമായിത്തന്നെ
കിടന്നെനെ
അതൊന്നും ഓർക്കാതെ അവള് പോയെങ്കിൽ നീയെന്തിനാ വെറുതെ നിന്റെ ജീവിതം
നശിപ്പിക്കുന്നത്.

ഞാൻ എന്താ പറയുക.അവളൊന്ന് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ,എന്നെ പിരിയണമെങ്കിൽ അതവൾക്ക്
മുഖം നോക്കി പറയാമായിരുന്നു.ഇതിപ്പോ കാരണം അറിയില്ല.ചോദിക്കാൻ
നിർവാഹവുമില്ല.അവളെയൊന്ന് വിളിച്ചാൽ കിട്ടുന്നില്ല,എവിടെയെന്നു പോലും
നിശ്ചയമില്ല.അവസാനം കിട്ടിയത് ഒരു കുറിപ്പാ ഒരിക്കലും അവളെ അന്വേഷിക്കരുത് എന്ന
ഒറ്റ വരിയിലുള്ള സന്ദേശം.അതും ഞാൻ തിരികെ വന്നപ്പോൾ,ജെസ്സി ദിദിയെ
കൊടുത്തേല്പിച്ചിട്ട് ഒരൊളിച്ചോട്ടം.

മ്മ്മ്മ് എല്ലാം തുറന്ന് സംസാരിക്കുന്ന നീ ഈ വിഷയം മാത്രം എന്നിൽനിന്ന്
മറച്ചു.ഹാ…..ഇനി പറഞ്ഞിട്ടെന്ത്‌ കാര്യം.

മനപ്പൂർവം അല്ല മാം.അന്ന് പ്രണയം അല്ല വെറും സൗഹൃദമെന്ന് പറഞ്ഞു ജാടയിട്ട്
നടന്നിട്ട് അത് തുറന്നു സമ്മതിക്കാൻ ഒരു മടി.

ഒരുതരം ചളുപ്പല്ലേ….നീയവളെ പിന്നെ തിരക്കിയില്ലേ.

എച്ച് ആറിൽ നിന്നും അഡ്രെസ്സ് എടുത്തു തിരക്കിയിരുന്നു.അവിടെ ഇപ്പൊ ആരും തന്നെ
താമസമില്ല.
അത് വേറാർക്കോ വിറ്റിട്ടാ അവിടുന്ന് പോയത്.അവർക്കാണേൽ അവരെ കുറിച്ചറിയത്തുമില്ല.

എടാ ഞാനൊന്ന് ചോദിക്കട്ടെ.

ചോദിക്ക്……..

നിനക്ക് കിടക്കാൻ ഇടമുണ്ടോ?

ഉണ്ട്.

കഴിക്കാൻ ഭക്ഷണം……?

അതുമുണ്ട്.

കാത്തിരിക്കാനായി ആരെങ്കിലും?

ഉണ്ട് മാഡം………”എന്റെ റോസിലി”…..
അപ്പൻ പോയെപ്പിന്നെ എനിക്ക്‌ വേണ്ടി മാത്രം ജീവിക്കുവല്ലേ.

പിന്നെയെന്നാടാ നിന്റെ പ്രശ്നം?ഒരു പെണ്ണ് നിന്നെയിട്ടിട്ട് പോയതോ?
നിന്നെ കാത്തിരിക്കുന്നവർക്ക് വേണ്ടി ജീവിക്കാതെ,നിനക്ക് വേണ്ടി മാത്രം ജീവിച്ച
നിന്റെ അമ്മയെ ഓർക്കാതെ
നിന്റെ സ്നേഹവും തട്ടിക്കളഞ്ഞു പോയവളെയോർത്ത് സ്വയം നശിക്കുന്ന വിഡ്ഢി.

മാം എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ.

പിന്നെ എങ്ങനെ സംസാരിക്കണം.
നിന്റെയവസ്‌ഥ അറിഞ്ഞാൽ ചങ്ക് പിടഞ്ഞു മരിച്ചുപോയെന്നിരിക്കും നിന്റെ
അമ്മ.നിനക്കറിയിമൊ അത്.

പിന്നെ മൗനമായിരുന്നു.ആ മുറിയിൽ
അവന്റെ മൗനം അതായിരുന്നു അർച്ചനയെ വിഷമിപ്പിച്ചതും.പെട്ടന്ന് എന്തോ
ആലോചിച്ചെന്നപോലെ അവൻ എഴുന്നേറ്റ് അർച്ചന കൊണ്ടു വച്ച കുപ്പിയുമെടുത്തു
കിച്ചണിലേക്ക് നടന്നു.അവർ നോക്കിനിൽക്കെ അവനത് വാഷ് ബിന്നിൽ ഒഴുക്കി.
അത് കണ്ടതും അവസാനം പറഞ്ഞ വാക്കുകൾ അവന് കൊണ്ടു എന്ന് അവൾക്ക് മനസിലായി.കുപ്പി
ജനലിലൂടെ പുറത്തേക്ക് കളഞ്ഞ ശേഷം തിരികെയെത്തി.

“….റിനോ….”അവൾക്കരികിലായി വന്നിരുന്ന അവനെയവൾ പതിയെ വിളിച്ചു.

പറയ് മാം…..

എടാ…..”പ്രകടിപ്പിക്കാത്ത സ്നേഹം നിരർത്ഥകമാണ്,പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ
ശേഖരം പോലെ അർത്ഥശൂന്യവും..”എന്റെയല്ല കേട്ടൊ നീർമാതളം പൂത്ത കാലം എന്ന നോവലിൽ
മാധവിക്കുട്ടി പറഞ്ഞതാ.
നീ നിന്റെ സ്നേഹം പ്രകടിപ്പിച്ചു.അത്‌
അവൾ വേണ്ടുവോളം അനുഭവിച്ചു.
എന്നിട്ടും അവൾ പോയെങ്കിൽ നിന്നോട് കാട്ടിയ സ്നേഹം സത്യമല്ല,
അതും അല്ലെങ്കിൽ നിന്റെ സ്നേഹം അനുഭവിക്കാൻ അവൾക്ക് യോഗം ഇല്ല.വിട്ട്
കളയെടാ,എന്നിട്ട് നിനക്ക് വേണ്ടി ജീവിച്ചുതുടങ്ങ്.നിന്റെ വാരിയെല്ലുകൊണ്ട് തീർത്ത
പെണ്ണ് അവളായിരിക്കില്ല.

“…മ്മ്മ്മ്…”അവനൊന്ന് മൂളുക മാത്രം ചെയ്തു.

നീയിങ്ങനെ മുറിയിൽ തന്നെ ചടഞ് കൂടിയിരിക്കുന്നത് കൊണ്ടാ ഇങ്ങനെ ഓരോ വേണ്ടാത്ത
തോന്നലുകൾ.നീ
ഒരു കാര്യം ചെയ്യ്,ഒരു റൈഡ് പോയി വാ.

പെട്ടന്ന് പറഞ്ഞാ എങ്ങോട്ടാന്ന് വച്ചാ മാം.

ഈ നഗരത്തിലൂടെ ഒരു നൈറ്റ്‌ റൈഡ്.രാത്രിയുടെ കറുപ്പിലേക്ക് നീ
ഇറങ്ങിച്ചെല്ല്.എന്നിട്ട് അവിടുത്തെ കാഴ്ച്ചകളൊക്കെ ഒന്ന് കണ്ടിട്ട് വാ.
പുലരുമ്പോൾ ഞാനുണ്ടാവും നിന്നെയും കാത്ത്.

ഈ രാത്രിയില് എവിടെ പോവാനാണ് മാം.വെറുതെയൊരു തമാശ…അല്ലെ?

നിനക്കിത് തമാശയാവും.ഈ നഗരത്തിന്റെ പ്രാന്ത പ്രാദേശങ്ങളിൽ കൂടെ ഒരു രാത്രി
സഞ്ചാരം.നീ കാണാത്ത ഈ നഗരത്തിന്റെ രാത്രി കാഴ്ച്ചകൾ നിനക്കായി അവിടുണ്ട്‌.
നഗരഹൃദയമായ കൊണാട്ട് പ്ലേസിലും,മുഖം മിനുക്കി സുന്ദരമായ പരിസരങ്ങളുമൊന്നുമല്ല ഞാൻ
നിന്നോട് പറയുന്നത്.അവിടുത്തെ നൈറ്റ്‌ ലൈഫ് നീ കണ്ടു മടുത്തു എന്നുമറിയാം.ചെല്ല് നീ
കാണാത്ത നഗരത്തിന്റെ രാത്രി കാഴ്ച്ചകളിലേക്ക്
ഒന്ന് പോയി വാ.ഇറ്റ് ഷുഡ് ബി എ ഗ്രേറ്റ്‌ എക്സ്പീരിയൻസ്.ഞാൻ ഉറപ്പ് തരാം.

മ്മ്മ്മ്….. പോയി നോക്കാം.അവിടെ എന്നെ എക്സൈറ്റ് ചെയ്യിക്കുന്നത് എന്താവും എന്ന്
ഞാനും നോക്കട്ടെ.

എനിക്കുറപ്പുണ്ട് റിനോഷ്,തിരികെ വരുമ്പോൾ നിന്റെ ഈ അവസ്ഥക്ക് ഒരു
മാറ്റമുണ്ടാകും.വരുന്ന സമയം നിന്നെ വേണ്ടാത്തവരെക്കുറിച്ചുള്ള ഓർമ്മകൾ വഴിയിൽ
ഉപേക്ഷിച്ചിട്ട് വേണം എനിക്കരികിലെത്താൻ.

അർച്ചന പോകുമ്പോൾ മണി ഏഴ് കഴിഞ്ഞിരുന്നു.തിരിച്ചുപോകുമ്പോൾ
എന്തോ തിരിച്ചുപിടിച്ച സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.

ചിലരുടെ ഇടപെടൽ,ഒരു നല്ല വാക്ക്, അത് കേൾക്കുമ്പോഴുള്ള തിരിച്ചറിവ് അതാവാം ഒരാളെ
മാറ്റിച്ചിന്തിപ്പിക്കുക.തന്റെ ഇപ്പോഴുള്ള അവസ്ഥയില് നിന്നൊരു മാറ്റം,അത്‌ അവനും
അനിവാര്യമായി തോന്നിയിരിക്കണം.എട്ട് മണിയോടെ ആഹാരവും കഴിച്ച് റിനോഷ് തന്റെ
ബുള്ളറ്റും എടുത്തിറങ്ങി.
*****
സരായ് ഖാലെ ഖാൻ പരിസരം.റിനോ ആദ്യമെത്തിയത് അവിടെയാണ്. സമയം ഒൻപത്
കഴിഞ്ഞിരുന്നു.രാത്രി വൈകിയും വീടുകളിലെത്താൻ മത്സരിക്കുന്ന കുറച്ചധികം ആളുകൾ.
തന്നെ കടന്നുപോകുന്ന ബസ്സിലോക്കെ അവരുടെ തിരക്കാണ്
നന്നായി ദാഹം തോന്നിയ അവന്റെ ശ്രദ്ധയിൽ ബസ്റ്റോപ്പിന് അല്പം മാറി തന്നെ ഒരു കട
കണ്ടുകിട്ടി.

ചെറിയ ഒരു പെട്ടിക്കട.വെള്ളവും മറ്റു
സോഫ്റ്റ്‌ ഡ്രിങ്ക്‌സും ഒക്കെയായി ഒരു മുറുക്കാൻ കടയുടെ അത്രയുമുള്ള
ഒരെണ്ണം.ഒരുകുപ്പി വെള്ളം വാങ്ങി ദാഹം ശമിപ്പിച്ചുകൊണ്ട് നിൽക്കെ അവന്റെ ശ്രദ്ധ
വീണ്ടും ബസ് സ്റ്റോപ്പിലേക്ക് പതിഞ്ഞു.

കിട്ടുന്ന ബസുകളിൽ ആളുകൾ ചാടി കയറി പോകുന്നുണ്ട്.എന്നിട്ടും ചിലർ അവിടെ
ചുറ്റിപ്പറ്റി നിൽക്കുന്നു.ചായം പൂശി ചുവപ്പിച്ച ചുണ്ടുമായി കയ്യിൽ ഒരു വാലറ്റും
പിടിച്ചുകൊണ്ട് രാത്രി മാത്രം പൂവിടുന്ന പുഷ്പ്പങ്ങൾ വണ്ട് തേൻ നുകരാൻ വരുന്നതും
കാത്ത് നിൽക്കുന്നു,രാത്രിയുടെ രാജകുമാരി
മാർ.ചില ബൈക്കുകാർ നിർത്തി അവരോട് സംസാരിക്കുന്നുണ്ട്.
കണ്ടാലറിയാം കോളേജ് പിള്ളേരാണ്
രാത്രിയുടെ മറവിൽ സ്ത്രീശരീരം നുകരാനായി ഇറങ്ങിത്തിരിക്കുന്നവർ
കച്ചവടം ഉറപ്പിച്ച പെണ്ണിനെയും പുറകിലിരുത്തി ഇരുട്ടിലേക്ക് മറയുന്ന
കാഴ്ച്ച കണ്ട് അവനത്ഭുതമൊന്നും തോന്നിയില്ല.ഒന്ന് രണ്ടുപേർ പിന്നെയും അവശേഷിച്ചു.

കുറച്ചു നേരം അവനങ്ങനെ നിന്നു.
അവസാന പുഷ്പവും പോകുന്നതും
കണ്ട് നിന്ന അവന്റെ തോളിലൊരു കൈ അമർന്നു.ഒന്ന് ഞെട്ടിയ റിനോ തിരിഞ്ഞു
നോക്കി.വെളുക്കനെ ഒരു ചിരിയുമായി ഒരു മധ്യവയസ്കൻ.

“എന്താടോ”അവൻ കടുപ്പിച്ചാണത് ചോദിച്ചത്.

ചൂടാവാതെ സാറേ,ഒരു സഹായം ചെയ്യാന്ന് വച്ചപ്പോൾ….

എനിക്ക്‌ ഒരു സഹായവും വേണ്ടെങ്കി

സാറിന്റെ പേടിയെനിക്ക് മനസിലായി,
കുറെ നേരമായി ഞാൻ കാണുവല്ലേ സാറിന്റെ ബസ്റ്റോപ്പിലേക്കുള്ള നോട്ടവും നിൽപ്പും
ഒക്കെ.എന്റെ കയ്യിൽ നല്ല പിള്ളേരുണ്ട് സാറെ,ഏത് ടൈപ്പ് വേണോന്ന് മാത്രം പറഞ്ഞാൽ
മതി.കോളേജ് പിള്ളേര് തൊട്ട് വീട്ടമ്മമാർ വരെ കസ്റ്റടിയിലുണ്ട്.സാറ്
മുറിയെടുക്കുമെങ്കിൽ അങ്ങനെ,
അല്ലെ പറ്റിയ സ്ഥലം കയ്യിലുണ്ടെന്ന്.

ചേട്ടാ ആളെ വിട്.എന്നെ കണ്ടാൽ പൂശാൻ മുട്ടി നിക്കുവാന്ന് തോന്നുവൊ.

സാറെ……ഞാനിതിൽ വന്നിട്ട് കാലം കുറച്ചായി.സാറിന്റെ നിപ്പും ഭാവവും കണ്ടാൽ
അറിഞ്ഞൂടെ.ഇനി പെണ്ണ് വേണ്ടങ്കിൽ മറ്റവന്മാരുമുണ്ട് സാറേ.

ചേട്ടാ…….ചേട്ടന് ആള് തെറ്റി.എന്റെ കൈ മെനക്കെടുത്തെണ്ട എങ്കിൽ പോ.ചെന്ന്
പെണ്ണിന്റെ നിഴലടിച്ചാൽ രക്തയോട്ടം കൂടുന്ന ആരെയെങ്കിലും കിട്ടുവോന്നു നോക്ക്.

അവൻ തനിക്കുള്ള ഇരയല്ലന്ന് പിടി കിട്ടിയതും അയാൾ അവനെ കുറച്ചു പുലഭ്യം പറഞ്ഞുകൊണ്ട്
ഇരുട്ടിലേക്ക് നടന്നു.സമയം മെനക്കെടായതിന്റെ വൈക്ലഭ്യം അയാളുടെ മുഖത്ത്
ഉണ്ടായിരുന്നു.അല്പം കൂടി അവിടെ നിന്ന റിനോഷ് മിച്ചമിരുന്ന വെള്ളം കൊണ്ട് മുഖം
കഴുകി തന്റെ ബുള്ളറ്റും എടുത്തു മുന്നോട്ട് നീങ്ങി.

റോഡിലെ തിരക്കുകൾ കുറഞ്ഞു വരുന്നുണ്ട്.അല്പം കൂടി യാത്ര ചെയ്ത
അവൻ എത്തിയത് റെയിൽവേ സ്റ്റേഷൻ പരിസരത്താണ്.അവിടെ നല്ല തിരക്കുണ്ട്,ഡൽഹിയിലെ പ്രധാന
സ്റ്റേഷനിൽ ഒന്നാണത് എന്ന കാരണം കൊണ്ട് തന്നെ.സ്റ്റേഷൻ
പരിസരം യാത്രക്കാരെയും ചെറു കച്ചവടക്കാരെയും കൊണ്ട് ബഹള മയമാണ്. ചെറിയ തട്ടുകടകളിൽ
ബേൽ പൂരിമുതൽ ഓംലറ്റ്,പുഴുങ്ങിയ മുട്ട തുടങ്ങി ചിക്കൻ ബിരിയാണി വരെ ആ വഴിയോരത്തു
ലഭിക്കും. കബാബ് വിഭവങ്ങൾ വേറെയും.
കൂടാതെ ചായയുമായി മറ്റുചിലർ.
ട്രെയിനിൽ ഉപയോഗിക്കാനുള്ള ഉൾപ്പന്നങ്ങളുമായി വേറെയുമുണ്ട്.
ആകെ വഴിവാണിഭക്കാരെക്കൊണ്ട് രാത്രിയും ബഹളമയമാണ്.

അവനാ വഴി വക്കിൽ വണ്ടിയൊതുക്കി അടുത്തു കണ്ട കാപ്പിക്കടയിലേക്ക് കയറി.അവിടെ നിന്നും
ഒരു മസാല കാപ്പിയും ഒരു ബണ്ണും കഴിച്ചുകൊണ്ട് അവൻ ചുറ്റിലും നോക്കി.തൊട്ടടുത്തു
തന്നെ ആയി ഒരു ടാക്സി സ്റ്റാൻഡുണ്ട്.
ചില യാത്രക്കാർ ടാക്സിക്കാരോട് വില പേശുന്നു,ചിലർ ഒരു സവാരി ലഭിക്കാനായി സ്റ്റേഷനിൽ
നിന്നും പുറത്തേക്ക് വരുന്നവരെ ചാക്കിടുന്നു
അവൻ ചായ ഊതി കുടിച്ചുകൊണ്ട് അതൊക്കെ നോക്കിക്കാണുകയാണ്

ഇങ്ങനെയും കുറെ ജീവിതങ്ങൾ.
ഇരുട്ടിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നവർ,
അവൻ മനസ്സിലോർത്തു.ഈ തിരക്കുകളുടെ ഇടയിൽ അല്പം ചിലവഴിക്കാം എന്നവൻ കരുതി. രാത്രിയിൽ
കൂടുതൽ ഡ്രൈവ് ചെയ്യാനൊരു മടി.അർച്ചന പറഞ്ഞത് പോലെ ഇതുപോലെയുള്ള ഇടങ്ങളിൽ ചിലത്
ഒളിച്ചിരുപ്പുണ്ടാവും എന്നവന് തോന്നി.

‘ചേട്ടാ ഇവിടെ പാർക്കിങ് എവിടെയാ”
ചായയുടെ പൈസ നീട്ടിക്കൊണ്ടാണ് അവനത് ചോദിച്ചത്.

“അത് അപ്പുറത്തെ എന്ട്രൻസിലാ മോനെ.”പൈസ വാങ്ങി പെട്ടിയിൽ ഇട്ടുകൊണ്ടാണ് അയാൾ
പറഞ്ഞത്.

അതല്പം ചുറ്റണ്ടേ ചേട്ടാ.തത്കാലം ഇവിടെ എവിടെയെങ്കിലും വക്കാൻ പറ്റുമോ.

റിസ്ക് വേണ്ട മോനെ,പാർക്കിങ് തന്നെയാ നല്ലത്.വല്ലിടത്തും കൊണ്ട് വച്ചിട്ട് വല്ലോം
പറ്റിയാൽ പറഞ്ഞിട്ട് പിന്നെ എന്നാ കാര്യം.

അതും ശരിയാണെന്നവൻ ഓർത്തു.
ഒരിക്കൽ കൂടി അവൻ ചുറ്റിലും നോക്കി.യാത്രക്കാരിൽ ചിലർ തന്റെ ഉറ്റവരോടൊപ്പമൊ
അല്ലാതെയൊ വന്നിറങ്ങുന്നുണ്ട്.ഒപ്പം ചിലർ അടുത്ത് കണ്ട ലിക്കർ ഷോപ്പിൽ നിന്നും
ഒന്ന് മിനുങ്ങി യാത്രയുടെ ഇടയിൽ ചാർജ് ചെയ്യാനുള്ളത് വാങ്ങിക്കൊണ്ടുമാണ് അകത്തേക്ക്
കയറുന്നത്.പക്ഷെ പത്തിന് ശേഷം വിൽപ്പന ബ്ലാക്കിൽ ആണെന്ന് മാത്രം
ഇതറിയുന്ന പോലീസുകാർ ആ ചെറു ദ്വാരത്തിലൂടെ കയ്യിടുമ്പോൾ കൃത്യം ആയി അവർക്കുള്ള
പടിയും കയ്യിൽ കൊടുക്കുന്നുണ്ട്.

ഇതിനിടയിലൂടെയും ഭിന്നലിംഗക്കാർ അണിഞ്ഞൊരുങ്ങി നടക്കുന്നുണ്ട് ചിലർ അവരെ ആട്ടി
ഓടിക്കുന്നു,മറ്റു ചിലർ പണം കൊടുത്ത് ഒഴിവാക്കുന്നു
ചില വിദ്വാൻമാർ അവരെ സമീപിച്ചു സംസാരിക്കുന്നു.ചില വേന്ദ്രൻമാർ സുന്ദരിമാരെ തേടി
നടക്കുന്നു.
ഇതിന്റെയൊക്കെ ഇടയിൽ ചില ചിര പരിചിത മുഖങ്ങൾ കണ്ടത് അവന് ഒരു ഞെട്ടലിനേക്കാൾ ഉപരി
ഒരുതരം മരവിപ്പായിരുന്നു.

യാത്രക്കാരുടെ ഇടയിലൂടെ പോലീസ് ലാത്തിയും തൂക്കി നടക്കുന്നു.വിസിൽ അടിച്ചും ലാത്തി
വീശിയും കൂട്ടം കൂടി നിൽക്കുന്നവരെ അവർ ഓടിക്കുന്നു.

അയാൾ കൊടുത്ത ബാക്കിയും വാങ്ങി കീശയിലിട്ട് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.അല്പം
ബ്ലോക്കുണ്ട്.
ആ തിരക്കിലൂടെ അവൻ വണ്ടി മുന്നോട്ടെടുത്തു,അതെ സമയം
ഒരാൾ അവന്റെ വണ്ടിയിൽ തട്ടി വീണതും ഒരുമിച്ചായിരുന്നു.പുറകെ കുറച്ചുപേരുണ്ട്.അവരിൽ
നിന്നും ഓടിരക്ഷപെടാനുള്ള തത്രപ്പാടിലാണ് അയാൾ.നിലത്തുവീണ അയാളെ അവർ വലിച്ചുകൊണ്ട്
പോയി.
മോഷണ ശ്രമമാണ്,തിരക്കേറിയ നിരത്തുകളിലും മറ്റുമുള്ള സ്ഥിരം ഏർപ്പാട്.അവനത്
ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങി.
*****
പാർക്കിംങ്ങിൽ വണ്ടിയും വച്ച് റിനോ അകത്തേക്ക് നടന്നു.പ്ലാറ്റ്‌ ഫോം ടിക്കറ്റ്
എടുത്തശേഷം സ്റ്റേഷനുള്ളിൽ കയറി.ചില യാത്രക്കാർ നിലത്ത് വിരിപ്പ് വിരിച്ചു കിടന്ന്
ഉറങ്ങുന്നു.
അവരിൽ സ്ത്രീകളും കുട്ടികളും വരെയുണ്ട്.നോർത്തിലെ ചില ഉൾ നാടുകളിൽ പോകാനുള്ളവരാകും
അവരൊക്കെ.അത്തരം കാഴ്ച്ചകൾ സാധാരണയാണ്.

നിർത്താതെയുള്ള ട്രെയിനിന്റെ അറിയിപ്പ് ശബ്ദം കേൾക്കാം.ഉള്ളിൽ പ്ലാറ്റ്‌ ഫോമുകളിലും
സാമാന്യം തിരക്കുണ്ട്.രാത്രിയിലും ഉറക്കമിളച്ചു ജോലി ചെയ്യുന്നവരെ അവിടെ
കാണാം.ചുമടെടുക്കുന്നവർ മുതൽ ചായ വിൽക്കുന്നവർ വരെ അതിലുണ്ട്.

ഉറക്കം അലട്ടിയ അവൻ ഒരു കാപ്പി വാങ്ങി,അതും കുടിച്ചുകൊണ്ട് അതിലെ നടന്നു.ഇടക്ക്
കാണുന്ന ബുക്ക്‌ സ്റ്റാളിൽ തനിക്ക് വേണ്ടുന്ന പുസ്തകം ഉണ്ടോ എന്നവൻ പരതി, ശേഷം
നിരാശയോടെ അടുത്ത കാഴ്ച്ചയിലേക്ക് നടന്നു.ട്രെയിൻ വന്നും പോയുമിരിക്കുന്നു.അപ്പോൾ
അവന്റെ ശ്രദ്ധ ഒരു കൂലിയിൽ പതിഞ്ഞു,ഒരു വൃദ്ധൻ.തന്റെ പ്രായം മറന്നുകൊണ്ട് രാത്രി
വൈകിയും ചുമടെടുക്കുകയാണ് അയാൾ.ഭാരം കൂടുതലുണ്ടെന്ന് തോന്നുന്നു,
ഇടക്കയാൾ വേച്ചു പോകുന്നുണ്ട്.
എങ്കിലും അതൊന്നും വകവക്കാതെ മുന്നോട്ട് നീങ്ങുന്നു.

അവൻ അയാളെ ശ്രദ്ധിച്ചുകൊണ്ട് പിന്നാലെ നടന്നു.ഒടുവിൽ തന്റെ ലക്ഷ്യസ്ഥാനത്തു ആ
പെട്ടിയും ഇറക്കി വച്ച് ആ യാത്രികൻ നൽകിയ
പണവുമായി അയാൾ വീണ്ടും…..

അല്പദൂരം നടന്നിട്ട് അയാൾ അടുത്ത് കണ്ട ബഞ്ചിലിരുന്നു.അല്പം അകലെ ആയി
റിനോയും.”പപ്പു ഭായ് രാവിലെ വന്നിട്ട് ഇതുവരെ വീട്ടിൽ പോയില്ലേ”
അതിലെ നടന്നുപോയ മറ്റൊരു പോർട്ടറുടെ ചോദ്യത്തിന് അയാൾ ചിരിക്കുക മാത്രം
ചെയ്തു.എന്തോ ഒരു സ്പാർക്ക് തോന്നിയ അവന് അയാളോട് സംസാരിക്കണം എന്ന് തോന്നി.ഈ
രാത്രി പുലരും വരെ ഒരു കൂട്ട്.അവൻ പതിയെ അയാളുടെ അടുത്തേക്കിരുന്നു.

ആദ്യം അയാളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.അയാൾ തിരിച്ചും.
എങ്ങനെ തുടങ്ങും എന്നായിരുന്നു അവന്.അല്പനേരമിരുന്ന് ക്ഷീണം മാറ്റിയ ശേഷം അയാൾ
വീണ്ടും ജോലി തേടി പോകാൻ ഒരുങ്ങി.റിനോ
പിന്നാലെയും.പക്ഷെ പ്രതീക്ഷിച്ച പോലെ അയാളെ ആരും വിളിക്കുന്നില്ല.പ്രായം ആയതാവാം
കാരണം,കൂടാതെ വല്ലതും പറ്റിയാലോ എന്നുള്ള ചിന്തയും. നിരാശയോടെ തിരിഞ്ഞ അയാൾ തനിക്ക്
പിന്നിലായി ഒരു ചിരിയോടെ നിൽക്കുന്ന റിനോഷിനെ കണ്ടു.

എന്താ മോനെ കുറച്ചു നേരമായല്ലോ ഈ വൃദ്ധന് പിറകെ.

ഒന്നുല്ല ബാബാ വെറുതെ……

വെറുതെ അല്ലന്ന് എന്റെ മനസ്സ് പറയുന്നു.

ഹേയ് ഒന്നുല്ല ബാബാ.രാത്രി വൈകി,
എന്നിട്ടും ജോലി ചെയ്യുന്നത് കണ്ടപ്പോ ഒന്ന് സംസാരിക്കണം എന്ന് തോന്നി.

ഈ വൃദ്ധനോട്‌ എന്ത് സംസാരിക്കാൻ

വിരോധം ഇല്ലെങ്കിൽ
അങ്ങോട്ടിരുന്നാലൊ.

സാധിക്കില്ല കുഞ്ഞേ,വല്ല ചുമടും കിട്ടുവോന്നു നോക്കട്ടെ.ആവശ്യം ഒരുപാടുണ്ടെ.

അധികം സമയം വേണ്ട ബാബാ.
അതിനിടയിൽ നിങ്ങൾക്ക് ഏത്ര കൂലി കിട്ടുവോ അത് ഞാൻ തന്നാൽ മതിയോ.

“വേണ്ട കുഞ്ഞേ.അത് ശരിയാവില്ല”
അയാൾ അവനെയും തഴഞ്ഞു നടന്നകന്നു.പക്ഷെ അവനയാളുടെ
പിറകെ തന്നെ കൂടി.കുറച്ചു നേരം അയാൾ നടന്നിട്ടും ആരും അയാളെ വിളിച്ചില്ല.അയാൾ
നോക്കുമ്പോൾ റിനോഷ് പിന്നാലെയും.

എന്താ മോനെ വീണ്ടും എന്റെ പിന്നാലെ തന്നെ.

ബാബാ നല്ല ക്ഷീണമുണ്ടല്ലോ.അല്പം ഇരിക്ക്,അത്രേം സമയം എങ്കിലും ഒന്ന്
സംസാരിച്ചുകൂടെ.

മനസില്ലാ മനസോടെ അയാൾ അവനൊപ്പമിരുന്നു.”ബാബ രാവിലെ മുതൽ ഇവിടെ ഉണ്ടല്ലേ,ആരോ
പറയുന്നത് കേട്ടതാ”ഒരു തുടക്കം പോലെ അവൻ ചോദിച്ചു.

“മ്മ്മ്മ്”ഉത്തരം ഒരു മൂളലിൽ ഒതുങ്ങി.

എന്തിനാ ഇത്രയും…….

അയാളൊന്നും മിണ്ടിയില്ല.നന്നേ ക്ഷീണമുണ്ട്,അതൊന്നു നോക്കിയാൽ തന്നെ മനസിലാവും.

“ബാബാ……..വല്ലതും കഴിച്ചതാണോ”

അയാൾ വീണ്ടും മിണ്ടാതെയിരുന്നു.
അവനൊരു ചായ വാങ്ങി നീട്ടി.ആദ്യം ഗൗനിക്കുകപോലും ചെയ്യാതിരുന്ന ആ വൃദ്ധൻ അവന്റെ
ചിരിയോടെ ഉള്ള മുഖം കണ്ടപ്പോൾ മനസില്ലാ മനസോടെ അത് വാങ്ങിക്കുടിച്ചു.
അത് കുടിക്കുമ്പോഴുള്ള അയാളുടെ കണ്ണുകളിലെ സംതൃപ്തി മാത്രം മതിയായിരുന്നു അവനുള്ള
പ്രതിഭലം.
ചായ കുടിച്ചു തീർന്നതും അവൻ കയ്യിൽ പിടിച്ചുകൊണ്ട് അടുത്ത് കണ്ട കാന്റീനിലേക്ക്
നടന്നു.
അയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൻ അവിടെ ഇരുപ്പിടത്തിൽ സ്ഥാനം പിടിച്ചു.
നിമിഷങ്ങൾക്കുള്ളിൽ ചൂട് പൂരി മസാല ആ വൃദ്ധന് മുന്നിൽ നൽകപ്പെട്ടു.

എന്തിനാ മോനെ ആരെന്ന് പോലും അറിയാതെ എനിക്ക്‌ വേണ്ടി.

ഞാൻ ചോദിച്ചില്ലല്ലോ.ചോദിച്ചത് പറഞ്ഞും ഇല്ല.പറയാൻ ഇഷ്ട്ടം ഇല്ല എങ്കിൽ വേണ്ട,പക്ഷെ
ഈ ഭക്ഷണം വേണ്ട എന്ന് വെക്കരുത്.

അയാൾ പിന്നെയൊന്നും മിണ്ടിയില്ല.
സാവധാനം അത് കഴിച്ചുതീർത്തു.
അതും നോക്കിയിരിക്കുമ്പോൾ
അയാൾ എന്തിന് എന്നുള്ള ചോദ്യം അപ്പോഴും അവനെ അലട്ടിക്കൊണ്ടിരുന്നു.

കൈ കഴുകി പുറത്തേക്ക് വരുമ്പോൾ അവൻ പണം കൊടുത്തു കഴിഞ്ഞിരുന്നു.അയാൾ പോക്കറ്റിൽ
നിന്നും കുറച്ചു മുഷിഞ്ഞ നോട്ടെടുത്ത് അവന് നേരെ നീട്ടി.

ബാബാ എന്തായിത്?

വെറുതെ കഴിച്ചു ശീലമില്ല മോനെ.

എനിക്കിത് വേണ്ട.ഞാൻ വാങ്ങില്ല.
ഒരുത്തരം മാത്രം മതി.എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ രാവും പകലും ഇല്ലാതെ……

ജനിപ്പിച്ച മക്കൾക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യാനാ മോനെ?

ആ ഒരു വാചകം മാത്രം പറഞ്ഞുകൊണ്ട് അയാൾ അവിടെനിന്നും നടന്നു നീങ്ങി.അവൻ പിന്നാലെ
ചെന്ന് വിളിച്ചു, എങ്കിലും അതിന് ചെവി കൊടുക്കാതെ അയാൾ ദൂരേക്ക് നടന്നകന്നു.
ചിലപ്പോൾ അയാൾക്ക് അതിൽ കൂടുതൽ പറയാൻ താത്പര്യം ഉണ്ടായിരിക്കില്ല.അല്ലെങ്കിൽ അതിൽ
തന്നെ എല്ലാം അടങ്ങിയതുമാവാം.

ആ പോക്ക് നോക്കി നിക്കേ അവന് തന്നോട് തന്നെ പുച്ഛം തോന്നി.ഒരു
തരം അപകർഷത.മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടായിട്ടും തനിക്കുവേണ്ടി മാത്രം
ജീവിക്കുന്ന അമ്മ കാത്തിരുന്നിട്ടും ഒരു
പെണ്ണിനെയോർത്തു സ്വയം നശിക്കുന്ന വിഡ്ഢിത്തരത്തെ ഓർത്ത്
ലജ്ജിച്ച നിമിഷം.കുറച്ചു നേരം അവൻ അവിടെ ആ ബെഞ്ചിലിരുന്നു
പുലർച്ചെ തിരിച്ചുപോരുമ്പോൾ റീന എന്ന ഓർമ്മ പോലും മനസ്സിന്റെ ഏതൊ കോണിൽ അവൻ
കുഴിച്ചു മൂടിയിരുന്നു.
*****
തിരികെയെത്തുമ്പോൾ അവനെയും കാത്ത് ഹോസ്പിറ്റൽ ക്യാമ്പസിലെ ആ ഗുൽമോഹർ മരത്തിന്
ചുവട്ടിൽ ഉണ്ടായിരുന്നു ഡോക്ടർ അർച്ചന. പൂത്തുലഞ്ഞുനിന്ന മരം കുറച്ചു പൂക്കൾ
പൊഴിച്ചിരുന്നു.സമയം ആറു മണി,ക്യാമ്പസിലെ പാർക്കിൽ സ്ഥിരം ആളുകൾ യോഗയും നടത്തവും
തുടങ്ങിയിരുന്നു.അവനെ കണ്ടതും കരുതിയിരുന്ന ഫ്ലാക്സിൽ നിന്നും ഒരു കപ്പ് ചായ
പകർന്ന് അവന് നീട്ടി.
ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ അവനത് ഊതിക്കുടിച്ചു.

ഇന്നലെ ഞാൻ കണ്ട,എന്റെ മുന്നിൽ ഇരുന്ന ആളല്ല നീയിപ്പോൾ.ഒന്ന് ഫ്രഷ് ആവട്ടെയെന്നെ
ഞാൻ കരുതിയുള്ളൂ
പക്ഷെ നിന്നെ അത്ഭുതപ്പെടുത്തുന്ന എന്തോ ഒന്ന്,അതിലൂടെ നീ കടന്നു പോയിട്ടുണ്ട്.ആം ഐ
റൈറ്റ്‌?

ഒരു ഹോപ്പ് ഇല്ലാതെയാ ഞാനിന്നലെ ഇറങ്ങിയത്.എന്താവും രാത്രിയിലെ കാഴ്ച്ചകളുടെ
പ്രത്യേകതയെന്ന് ഓരോ ചുവടിലും ആലോചിച്ചു……

എന്നിട്ട്……..

പക്ഷെ ഇന്നലെ രാത്രിയില് ഞാൻ കണ്ട ജീവിതങ്ങൾ,അത്‌ ശരിക്കും ഒരു അനുഭവം
തന്നെയായിരുന്നു.
അതു കാണുമ്പോൾ എന്റെ പ്രശ്നങ്ങൾ ഒന്നുമല്ല എന്ന് തോന്നും

“ദാ….അതാണ്.ചിലത് കാണുമ്പഴേ നമ്മുടെ നഷ്ട്ടങ്ങൾ ഒന്നുമല്ല എന്ന്
തോന്നു.നമുക്കുള്ളത് അതിലും വലുതാണെന്നും.പോയി റസ്റ്റ്‌ എടുക്ക്.
നാളെ വരുമ്പോൾ നിന്റെയുള്ളിൽ നഷ്ട്ടത്തിന്റെ ഓർമ്മകൾ പാടില്ല.
എന്തിനെയും നേരിടുന്ന,പ്രസരിപ്പുള്ള,
ഞാൻ പരിചയപ്പെട്ട എന്റെ റിനോഷ്
അതായിരിക്കണം നീ.നിന്റെയെല്ലു കൊണ്ട് തീർത്ത പെണ്ണിനെ നമ്മുക്ക്
കണ്ടുപിടിക്കാടാ…….”അവളവന്റെ തോളിൽ ഒന്ന് തട്ടി.

ഒരു ചിരിയോടെ അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങി.ഒരു നിരാശയുടെ
വക്കിൽ നിന്നും തന്റെ പ്രിയ സുഹൃത്തിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവളാ പോക്കും
നോക്കി ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നു.ആ സന്തോഷം കണ്ട് അതിൽ പങ്കുചേർന്ന
വൃക്ഷം അവളുടെ മേലേക്ക് പൂക്കൾ വർഷിച്ച്
അതറിയിക്കുകയായിരുന്നു അപ്പൊൾ….
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന
എന്റെ സ്മിതചേച്ചിക്ക് ഒരു ചെറിയ സമർപ്പണം.സ്വീകരിച്ചനുഗ്രഹിച്ചാലും.

❤ആൽബി❤

2nd Page of Malayalam Kambikathakal PDF
Malayalam Kambikathakal

Malayalam Kambikathakal PDF Free Download

REPORT THISIf the purchase / download link of Malayalam Kambikathakal PDF is not working or you feel any other problem with it, please REPORT IT by selecting the appropriate action such as copyright material / promotion content / link is broken etc. If this is a copyright material we will not be providing its PDF or any source for downloading at any cost.